പത്തനാപുരം: നിയമസഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന സ്ഥാനമാനങ്ങൾ തനിക്ക് ആവശ്യമില്ലെന്ന് ഗണേഷ് കുമാർ എംഎൽഎ. തന്നെ നിയമസഭയിലേക്ക് പറഞ്ഞയച്ച ജനങ്ങളുടെ കാര്യം അവിടെ പറയേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മിണ്ടാതിരുന്നാൽ മന്ത്രിയാകാൻ സാധ്യതയുണ്ട്. എങ്കിലും അങ്ങനെ കിട്ടുന്നത് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബൈക്കിൽ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ ശബ്ദിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേയെന്ന് ചിലർ ചോദിച്ചു. സത്യം പറയുമ്പോൾ എന്തിന് ദേഷ്യപ്പെടണമെന്ന് ഗണേഷ് കുമാർ ചോദിച്ചു. പത്തനാപുരത്ത് പാർട്ടി പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞത്.
‘‘അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയ പ്രവർത്തകർ. അത് സർക്കാരിനെതിരെ പ്രതികരിക്കലല്ല. സർക്കാരിനെ നാറ്റിക്കലുമല്ല. അതിന്റെ അർഥം ജനങ്ങൾക്കു വേണ്ടി സംസാരിക്കുക എന്നതാണ്. അത് കേരള കോൺഗ്രസിന്റെ മുഖമുദ്രയായിരിക്കണം. കണ്ടിടത്തു ചെന്ന് വഴക്കുണ്ടാക്കുന്നതിനു പകരം, കേരള കോൺഗ്രസ് പ്രവർത്തകർ അനീതിക്കെതിരെയും അന്യായത്തിനെതിരെയും പ്രതികരിക്കുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു.

