സോളാര്‍ കേസ് സിബിഐക്കുവിട്ട കേരളസര്‍ക്കാര്‍ നടപടിയില്‍ ആദ്യമായി പ്രതികരിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ഏപി അബ്ദുള്ളക്കുട്ടി. ചെന്നിത്തല പൊലീസും പിണറായി പൊലീസും സോളര്‍ കേസ് അന്വേഷിച്ചിട്ടും എനിക്കെതിരെ ഒന്നും കണ്ടെത്തിയില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
തന്നെ 501 വെട്ടു വെട്ടാന്‍ പകയുമായി നടക്കുന്ന ആളുകളാണ് ഇപ്പോള്‍ ഭരിക്കുന്നത്. അവരുടെ അന്വേഷണത്തിലും ഒന്നും കണ്ടെത്തിയില്ല. സോളര്‍ തട്ടിപ്പ് കേരളം കണ്ട ഞെട്ടിപ്പിക്കുന്ന തട്ടിപ്പാണ്. അതിലെ യഥാര്‍ഥ കുറ്റവാളികള്‍ വിചാരണ ചെയ്യപ്പെടുന്ന കാലം വിദൂരമല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കണോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നു അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളം ഭരിക്കാനാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫില്‍ ബാക്കിയാക്കുന്നത് മുസ്ലിം ലീഗ് മാത്രമായിരിക്കും. ന്യൂനപക്ഷ പ്രീണനമെന്ന നിലയിലാണ് പാര്‍ട്ടി സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന സിപിഎം തിരുത്തിയത്. എല്‍ഡിഎഫിനു തുടര്‍ഭരണം ലഭിക്കില്ലെന്നും പിണറായി സര്‍ക്കാരിനെ ജനം വലിച്ചു താഴെയിടുമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരി നല്‍കിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് കഴിഞ്ഞ ദിവസം സിബിഐയ്ക്ക് വിട്ടത്. കോണ്‍ഗ്രസിലെ ഏറ്റവും ഉന്നത നേതാക്കള്‍ക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിര്‍ണായകമായ കേസാണ് സിബിഐയ്ക്ക് കൈമാറിയത്. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.