തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുനരന്വേഷണത്തിന് സാധ്യത. പോലീസ് നടപടികൾ പരിശോധിക്കാൻ ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണർ ജെ.കെ ദിലിനെ ചുമതലപ്പെടുത്തി. തിരുവനന്തപുരം ഡി.സി.പി. വി.അജിത്താണ് നിർദേശം നൽകിയത്.പോസ്റ്റുമോർട്ടം റിപ്പോർട്ടും കേസ് ഡയറിയും പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് സമർപ്പിക്കണമെന്നാണ് നിർദേശം. നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയാരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു.
2019 ഫെബ്രുവരി 24 -നാണ് കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശന്റെയും ഷീലയുടെയും മകൾ നയനാസൂര്യയെ തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്.
മരണകാരണം കഴുത്തുഞെരിഞ്ഞാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചന. ഇതാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതായി മുൻ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം പോലീസ് നടത്തിയ മൃതദേഹപരിശോധനയിൽ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല.
യുവസംവിധായിക നയന സൂര്യയുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന് മാതാപിതാക്കളും സഹോദരനും ആവശ്യപ്പെട്ടു. മരണത്തിൽ ദുരൂഹതയില്ലെന്ന് മ്യൂസിയം പൊലീസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇക്കാരണത്താലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ഗൗരവമായി കാണാതിരുന്നത്. ഈ സാഹചര്യത്തിൽ മറ്റൊരു ഏജൻസി കേസ് അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു.
നയനയുടെ സുഹൃത്തുക്കൾ നടത്തിയ പോരാട്ടമാണ് കുടുംബത്തിന്റെയും കണ്ണ് തുറപ്പിച്ചത്. ഇതോടെയാണ് ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയത്. സ്വാഭാവിക മരണമെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാക്കുകൾ വിശ്വസിച്ചുപോയെന്ന് നയനയുടെ സഹോദരൻ മധു പറഞ്ഞു.