കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യന്‍ ടീമിനോട് ക്വീന്‍സ്ലാന്‍ഡ്. ക്വീന്‍സ്ലാന്‍ഡ് എംപി റോസ് ബേറ്റ്‌സ് ആണ് ഇത്തരത്തില്‍ നിര്‍ദ്ദേശവുമായി രംഗത്തു വന്നിരിക്കുന്നത്. ബ്രിസ്‌ബേന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ നിബന്ധനകളില്‍ ഇന്ത്യന്‍ ടീം പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം.
‘ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകളുടെ സങ്കീര്‍ണത മനസ്സിലാക്കുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഞങ്ങളും ചേര്‍ന്നാണ് ബയോ ബബിള്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷേ, സിഡ്‌നിയിലെ ആദ്യ ക്വാറന്റീന്‍ കാലാവധി കഴിയുമ്പോള്‍ നിബന്ധനകളുടെ കാര്യത്തില്‍ ഞങ്ങളെ സാദാ ഓസ്‌ട്രേലിയന്‍ പൗരന്മാരായി കണക്കാക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്.”- ഇങ്ങനെയായിരുന്നു ബിസിസിഐയുടെ പരാതി.
ബ്രിസ്‌ബേനില്‍ നടക്കുന്ന നാലാം ടെസ്റ്റിനു മുന്നോടിയായി പ്രത്യേക ക്വാറന്റീന്‍ മാനദണ്ഡങ്ങളാണ് ഇന്ത്യന്‍ ടീമിനു നിര്‍ദ്ദേശിച്ചിരുന്നത്. കഴിഞ്ഞ ആറ് മാസമായി താരങ്ങള്‍ വിവിധ ബയോ ബബിളുകളിലാണ്. അതുകൊണ്ട് ക്വാറന്റീനില്‍ ഇളവ് വേണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ താരങ്ങള്‍ റെസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ചതും ആരാധകനുമായി ഇടപഴകിയതുമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ബിസിസിഐയും അന്വേഷണം നടത്തുന്നുണ്ട്. താരങ്ങള്‍ നിബന്ധനകള്‍ ലംഘിച്ചില്ലെന്ന് ബിസിസിഐ പറയുന്നു. അതേസമയം, അഞ്ച് താരങ്ങളെയും പ്രത്യേകം ഐസൊലേറ്റ് ചെയ്യുകയാണ്.