ശ്രീകാകുളം∙ കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ തിരക്കിൽ 9പേർ മരിച്ചത് പ്രവേശന കവാടം അടച്ചതിനാലാണെന്ന് മന്ത്രി നാരാ ലോകേഷ്. പ്രവേശന കവാടം അടച്ചതോടെ പുറത്തിറങ്ങാനുള്ള ഗേറ്റിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തി. ഇതുവഴി അകത്തേക്ക് കയറാനായിരുന്നു ശ്രമം. ഇതോടെ വലിയ തിരക്കായി.
പ്രവേശന കവാടത്തിൽ പടികൾ ഉണ്ട്. മുകളിലുള്ള ഒരാൾ കൈവരി ഒടിഞ്ഞ് ജനക്കൂട്ടത്തിലേക്ക് വീണത് പരിഭ്രാന്തി പരത്തി. ആളുകൾ ചിതറിയോടിയതോടെ അപകടമുണ്ടായി ഇത്രയും വലിയ തിരക്ക് ഉണ്ടാകുമെന്ന് സംഘാടകർ കരുതിയില്ലെന്നും മന്ത്രി പറഞ്ഞു.
മരിച്ചവരിൽ അധികവും സ്ത്രീകളാണ്. 15,000 പേർ സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. ആളുകൾക്ക് പ്രവേശിക്കാൻ ഒരു കവാടവും ഇറങ്ങാന്‍ ഒരു കവാടവും മാത്രമാണ് ഉണ്ടായിരുന്നതെന്നും പടിക്കെട്ടിന്റെ ഭാഗത്തെ ഇരുമ്പ് കൈവരി തകർന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നും ശ്രീകാകുളം എസ്പി കെ.വി.മഹേശ്വര റെഡ്ഡി പറഞ്ഞു.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ ഉണ്ടായ തിക്കിലും തിരക്കിലും ഒമ്പത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രീകാകുളത്തെ കാശിബുഗ്ഗയിലെ ക്ഷേത്രത്തിലുണ്ടായ സംഭവത്തിൽ എട്ട് സ്ത്രീകളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കുകളോ ശ്വാസതടസ്സമോ അനുഭവപ്പെട്ടു. ഇവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

