ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളര്‍ക്കെതിരെ പരാതിക്കാരനായ പി ആര്‍ ഹരികൃഷ്ണന്‍ നല്‍കിയ പരാതി പിന്‍വലിച്ചു. പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
പരാതിയില്‍ ആരോപിച്ച തുക പൂര്‍ണമായും തിരികെ ലഭിച്ച സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. തുകയുടെ ഭാഗമായ നാല് ലക്ഷം രൂപ നേരത്തെ ലഭിച്ചു. ബാക്കിയുള്ള 24 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് മുഖേനെ ലഭിച്ചതായും പരാതി പിന്‍വലിക്കാന്‍ നല്‍കിയ അപേക്ഷയില്‍ ഹരികൃഷ്ണന്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ആറന്‍മുള സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതിയായ കേസില്‍ അദ്ദേഹത്തിന്റെ പിഎ പ്രവീണാണ് ഒന്നാം പ്രതി. ഇയാളുടെ പങ്കാളിയായ വിജയനും അദ്ദേഹത്തിന്റെ മാനേജറും ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാറും പ്രതി പട്ടികയിലുണ്ട്. കുമ്മനം മിസോറാം ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ഓഫീസ് സ്റ്റാഫ് ആയിരുന്ന സേവ്യറാണ് കേസിലെ മറ്റൊരു പ്രതി.
ആറന്‍മുള സ്വദേശിയായ ഹരികൃഷ്ണനില്‍ നിന്ന് ഭാരത് ബയോ പോളിമര്‍ ഫാക്ടറി എന്ന പേരില്‍ പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി സ്ഥാപനം തുടങ്ങാനായി കൊല്ലംകോട് സ്വദേശി വിജയനും പ്രവീണും ചേര്‍ന്ന് 35 ലക്ഷം രൂപ വാങ്ങിയെന്നിടത്ത് നിന്നാണ് പരാതിയുടെ തുടക്കം. കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവീണിനെ നേരിട്ട് കണ്ടിരുന്നെന്നു. നല്ല സംരംഭമാണെന്ന് വിശ്വസിപ്പിക്കാന്‍ കുമ്മനം ശ്രമിച്ചിരുന്നു. ന്യൂ ഭാരത് ബയോ ടെക്‌നോളജീസിന്റെ പ്രവര്‍ത്തനോദ്ഘാടനം ഗവര്‍ണറായിരിക്കെ കുമ്മനം രാജശേഖരന്‍ മിസോറാമിലെ ഔദ്യോഗിക വസതിയില്‍ വച്ച് നടത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തിരുന്നില്ലെന്നായിരുന്നു പരാതി.
നേരത്തെ, പരാതിക്കാരന്‍ പാര്‍ട്ടി നേതൃത്വത്തെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍ ഇടപെട്ട് 6.25 ലക്ഷം രൂപ മടക്കിനല്‍കുകയും ചെക്കുകള്‍ മുഴുവന്‍ തിരികെ വാങ്ങുകയും ചെയ്തു. എന്നാല്‍ ബാക്കി തുക ലഭിച്ചില്ലെന്ന് കാട്ടിയാണ് ഹരികുമാര്‍ ആറന്‍മുള പോലീസിനെ സമീപിച്ചത്.