സംസ്ഥാനത്ത് ബിജെപിക്കുള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കപ്പെടണമെന്നും ബിജെപി മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും ദേശീയ സമിതിയംഗവുമായ പിഎം വേലായുധന്. കെ. സുരേന്ദ്രന് സംസ്ഥാന സെക്രട്ടറി ആയതിനെ പിന്തുണച്ച ആളാണ് താന്‍. തന്നെയും ശ്രീശനെയും തല്‍സ്ഥാനത്ത് നില നിര്‍ത്താം എന്ന് വാക്ക് തന്നിരുന്നു. എന്നാല്‍ സുരേന്ദ്രന് വഞ്ചിച്ചെന്നും വേലായുധന് ആരോപിച്ചു.
മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നത് ശ്രദ്ധയില്‍ പെടുത്താന്‍ പലതവണ സുരേന്ദ്രനെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തില്ല. മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കിയ മക്കളെ പോലെ ആണ് സുരേന്ദ്രന്റെ നടപടി. ഇതില്‍ വിഷമം ഉണ്ടെന്നും വേലായുധന് വികാരഭരിതനായി പറഞ്ഞു.
അബ്ദുള്ള കുട്ടിക്ക് ഉയര്‍ന്ന സ്ഥാനം നല്‍കിയതില്‍ എതിര്‍പ്പുണ്ട്. വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ട് പോയത് പോലെ ആണ് അബ്ദുള്ള കുട്ടിക്ക് സ്ഥാനം നല്‍കിയത്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹിക്കുന്ന സ്ഥാനം തനിക്ക് നല്‍കിയില്ലെന്നും വേലായുധന് പറഞ്ഞു.
പുതിയ ആളുകള്‍ വരുമ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെട്ടവരെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പാര്‍ട്ടി പരിഗണിച്ചില്ല. പക്ഷാപാതമായാണ് സംഘടനാ സെക്രട്ടറിമാരുടേയും പെരുമാറ്റം. മറ്റു പാര്‍ട്ടികളില്‍ സുഖലോലുപ ജീവിത സാഹചര്യങ്ങള്‍ അനുഭവിച്ച് വന്നവരാണ് ഈയിടെ ബിജെപിയില്‍ എത്തിയത്.
ശോഭാ സുരേന്ദ്രന്റെ ആരോപണം ശരി വെയ്ക്കുന്നുവെന്നും വേലായുധന്. ശോഭാ സുരേന്ദ്രന് പിന്നാലെയാണ് പിഎം വേലായുധനും നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പല തവണ ലോകസഭയിലെക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുള്ള വേലായുധന് പാര്‍ട്ടിയിലെ പിന്നോക്ക വിഭാഗം നേതാവ് കൂടിയാണ്.
ബിജെപി സംസ്ഥാന ഘടകത്തിലെ പുനഃസംഘടനയില്‍ പരസ്യമായി പ്രതികരിച്ച് ശോഭാ സുരേന്ദ്രന് രംഗത്തെത്തിയിരുന്നു. ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെ അനുവാദമില്ലാതെ കീഴ്വഴക്കം ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞു. തന്റെ അനുവാദമില്ലാതെയുള്ള ഈ നടപടിയെക്കുറിച്ച് അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന് വ്യക്തമാക്കി.