
ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി നടന്‍ രജനികാന്ത് നടത്തിയ കൂടിക്കാഴ്ച തമിഴ്‌നാട്ടില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. പോയസ് ഗാര്‍ഡനിലെ വീട്ടിലെത്തിയായിരുന്നു എസ്.ഗുരുമൂര്‍ത്തി രജനികാന്തിനെ കണ്ടത്. ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടിരുന്നു.
സുഖവിവരങ്ങള്‍ അന്വേഷിക്കാനെന്ന പേരിലായിരുന്നു കൂടിക്കാഴ്ചയെങ്കിലും, രാഷ്ട്രീയപ്രവേശനം സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യുന്നു. രജനികാന്തിന് രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവിയുണ്ടെന്നും, ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്തിന് നല്ലതാണെന്നും നേരത്തെ എസ്.ഗുരുമൂര്‍ത്തി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്.
ആരോഗ്യകരമായ പ്രശ്‌നങ്ങളാല്‍ രജനികാന്തിനോട് രാഷ്ട്രീയപ്രവേശനം ഇപ്പോള്‍ വേണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രജനി മക്കള്‍ മണ്‍ട്രവുമായി ആലോചിച്ച് അനുയോജ്യമായ സമയത്ത് രാഷ്ട്രീയപ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നായിരുന്നു നടന്‍ ഇതിന് പിന്നാലെ അറിയിച്ചത്.

