കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പക്ഷപാതപരമായാണ് കോടതി പെരുമാറുന്നതെന്ന് ആരോപിച്ചാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. അടച്ചിട്ട കോടതിയില്‍ പുരോഗമിക്കുന്ന വിചാരണ നടപടിയില്‍ പല സുപ്രധാന മൊഴികള്‍ ഉള്‍പ്പെടെ കോടതി രേഖപ്പെടുത്തിയില്ലെന്നും പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകര്‍ കോടതി മുറിയിലെത്തുകയും മാനസിക പീഢനമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് പരാതിക്കാരി കോടതിമാറ്റം ആവശ്യപ്പെട്ടത്.
സര്‍ക്കാറും കോടതിയില്‍ പരാതിക്കാരിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങളാണ് വിചാരണ കോടതിക്കെതിരെ സര്‍ക്കാര്‍ ഉന്നയിച്ചത്. കേസിലെ പ്രതികളില്‍ ഒരാളായ നടന്‍ ദീലീപിന്റെ മുന്‍ ഭാര്യയും പ്രധാന സാക്ഷികളില്‍ ഒരാളുമായ നടി മഞ്ജുവാര്യര്‍ നല്‍കിയ മൊഴി രേഖപ്പെടുത്തുന്നതില്‍ കോടതിക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രധാന ആരോപണം.
മകളെ ഉപയോഗിച്ച് സ്വാധീനം ചെലുത്താന്‍ ശ്രമിച്ചെന്ന് നടി മൊഴി നല്‍കിയിരുന്നു. ഈ മൊഴി പക്ഷേ വിചാരണ കോടതി രേഖപ്പെടുത്താന്‍ തയ്യാറായില്ല. തന്നെ വകവരുത്തുമെന്ന് ദിലീപ് നടി ഭാമയോട് പറഞ്ഞെന്നാണ് മറ്റൊരുമൊഴി, എന്നാല്‍ ഇത് കേട്ടറിവ് മാത്രമാണന്ന നിലപാടാണ് കോടതി സ്വീകരിച്ചതെന്നും സത്യവാങ്മൂലത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടച്ചിട്ട മുറിയില്‍ എറണാകുളത്തെ പ്രത്യേക കോടതിയിലാണ് നിലവില്‍ കേസിന്റെ വിചാരണ നടക്കുന്നത്. ആറുമാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി നിര്‍ദേശത്തിലാണ് നടുപടികള്‍ പുരോഗമിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ജഡ്ജിയുടെ ആവശ്യപ്രകാരം നീട്ടി നല്‍കിയ സമയമാണിത്. ഇതിനിടെയാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ നാല് പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറിയിരുന്നു. നടന്‍മാരായ സിദ്ധിഖ്, ഇടവേള ബാബു, നടിമാരായ ബിന്ദു പണിക്കര്‍, ഭാമ എന്നിവരാണ് കൂറുമാറിയത്.