തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖ പ്രചരിപ്പിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയതതിനെതിരെ വിമര്‍ശനമായ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ഇത്തരം കേസുകളിലൊന്നും യുഎപിഎ ചുമത്തരുത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാത്രമേ ഇത്തരം നിയമങ്ങള്‍ ചുമത്താന്‍പാടുള്ളുവെന്നാണ് കേരളത്തിലുള്ള നിര്‍ദ്ദേശമെന്നും കാനം പറഞ്ഞു. ഇതെല്ലാം മറികടന്നാണ് കോഴിക്കോട്ടെ സംഭവമെന്നാണ് കരുതുന്നത്. ഏതായാലും എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിലവിലുള്ള സംവിധാന പ്രകാരം കേസെടുക്കുന്നതില്‍ തെറ്റില്ല. അതിന് ഞങ്ങള്‍ എതിരുമല്ല. എന്നാല്‍ വിചാരണയില്ലാതെ തടങ്കലില്‍ വെക്കുന്ന ഒരു നിയമത്തോടും യോജിക്കുന്നില്ല. ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടത്. മുഖ്യമന്ത്രി കോഴിക്കോട് വരുന്ന ദിവസം തന്നെ ഇത്തരമൊരു സംഭവം നടന്നതില്‍ ഗൂഢാലോചനയുണ്ടോയെന്നത് അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.