ഒരു നാടിനു തന്നെ മാതൃകയായിരുന്ന കുന്ദമംഗലത്തിന്റെ സ്വന്തം പാലിയിൽ ദിനു വിട വാങ്ങി. ഈ നാടിനോട് വിട്ടു പിരിയുന്നത്, ഏവരോടും നിറപുഞ്ചിരിയോടെ പെരുമാറിയിരുന്ന മറ്റാർക്കും ഒരു തെറ്റുകൾ ചൂണ്ടി കാണിക്കാനില്ലാത്ത വ്യക്തി പ്രഭാവം.
ആംബുലൻസ് ഡ്രൈവർ എന്നത് വെറുമൊരു ജോലി അല്ലെന്നും അതൊരു സേവനമാണെന്നും കൂടെ കൂടെ സുഹൃത്തക്കളോട് ദിനു പറയുക മാത്രമല്ല പ്രവർത്തിച്ച് കാണിച്ചു നൽകുകയും ചെയ്തിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആംബുലൻസ് ഡ്രൈവറായി 12 വർഷത്തെ തന്റെ ജീവിതത്തിൽ ആകെ അവധി എടുത്തിരിക്കുന്നത് വെറും നാല്പത്തി അഞ്ച് ദിവസം മാത്രം. ജോലിയിൽ പ്രവേശിച്ച് ആദ്യ അവധിയെടുക്കുന്നതാവട്ടെ എട്ടു വർഷങ്ങൾക്ക് ശേഷം അച്ഛന്റെ മരണത്തെ തുടർന്ന്. അതുവരെ ഒരിക്കൽ പോലും തന്റെ സേവനത്തിന് തടസ്സം വരുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. കാരണം തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം അത്രമേൽ വലുതാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു
വലിപ്പച്ചെറുപ്പം ഇല്ലാത്ത അദ്ദേഹത്തിന്റെ സൗഹൃദം കൂടുതൽ ബന്ധങ്ങൾ സൃഷ്ടിച്ചു. അപകടങ്ങളിൽ ചികിത്സ തേടി പോകുന്നവരെ കൃത്യതയോടെ ഉത്തരവാദിത്തത്തോടെ ആശുപത്രികളിൽ എത്തിച്ച് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഈ മനുഷ്യസ്നേഹിക്ക് സാധിച്ചു. മറ്റു ഡ്രൈവറിനേക്കാൾ നല്ല മനഃസാന്നിധ്യം ആവശ്യമുള്ള ജോലി കൂടിയാണ് ആംബുലൻസ് ഡ്രൈവർമാരുടേത്. അത് വേണ്ടുവോളം ഹൃദയത്തിൽ നിറഞ്ഞ വ്യക്തിയാണ് ദിനു പാലക്കൽ
ദിനു അങ്ങയുടെ ഈ വിട പറച്ചിൽ പലർക്കും താങ്ങാൻ കഴിയാത്തതാണ് ,ഹൃദയം നിറയെ നന്മ നിറഞ്ഞ മനസ്സ് പകരം വെക്കാനില്ലാത്തതാണ്. ജീവിതം ഭൂരിഭാഗവും ഈ നാടിന് തണലേകാൻ കഴിഞ്ഞുവെന്ന ആത്മ നിർവൃതിയോടെ അങ്ങേയ്ക്ക് വിട വാങ്ങാം. താങ്കളുടെ ഓർമ്മകൾ ഈ മണ്ണിൽ ജീവിച്ചിരിക്കും