സംസ്ഥാനത്ത് തൽക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.നിയന്ത്രണം വേണമെന്നാണ് ബോർഡിന്റെ നിർദ്ദേശമെന്നും മന്ത്രി പറഞ്ഞു. ജനം സഹകരിച്ചാൽ നിയന്ത്രണം ഒഴിവാക്കാനാകും. അധിക വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ തീരുമാനം മറ്റന്നാൾ ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മഴ തുടങ്ങുന്നതോടെ വൈദ്യുതി ഉത്പാദനത്തിന് അനുകൂല അന്തരീക്ഷം വരും. അതിനാൽ തൽക്കാലം ലോഡ് ഷെഡിംഗ് വേണ്ടിവരില്ലെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വൈകുന്നേരം ഗ്രൈൻഡറും വാഷിങ് മെഷീനും ഉപയോഗിക്കാതെ ഇരുന്നാൽ തന്നെ വലിയ മാറ്റമുണ്ടാക്കാനാകും.എല്ലാവരോടും വൈദ്യുതി നിയന്ത്രണത്തിനായി അഭ്യർഥിച്ചിട്ടുണ്ടെന്നും അത് പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.വൈദ്യുതി നിയന്ത്രണം എർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കണമെന്നാണ് ഉപഭോക്താക്കളോട് കെഎസ്ഇബിയുടെ അഭ്യർഥിന. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം 6 മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ മാന്യ ഉപഭോക്താക്കൾ തയ്യാറാകണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.