കണ്ണൂര്‍: പൊലീസില്‍ മൂന്നാം മുറയും ലോകപ്പ് മര്‍ദ്ദനവും നടക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ മര്യാദ പാലിക്കണമെന്നും പൊലീസിന് കളങ്കമുണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശരി ചെയ്താല്‍ പൊലീസിന്റെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തില്‍ താല്പര്യ കക്ഷികള്‍ നയിക്കുന്ന വഴിയിലൂടെയല്ല സഞ്ചരിക്കേണ്ടത്.
അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. വിവരങ്ങള്‍ ചോര്‍ത്തുന്ന സ്ഥിതി ഉണ്ടാകരുത്. ഇത് കുറ്റവാളികള്‍ക്ക് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതരെ സംരക്ഷിക്കുന്ന ഏര്‍പ്പാട് പൊലീസില്‍ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഡ് അപകട കേസുകളില്‍ പൊലീസ് കൈക്കൂലി വാങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തില്‍ നിന്നും ഒരു വിഹിതമാണ് ആവശ്യപ്പെടുന്നത്. ഇത്തരം പൊലീസുകാരെ കണ്ടെത്തിയാല്‍ പിന്നെ അവര്‍ക്ക് ജോലി ഉണ്ടാകില്ലെന്നും അദ്ദേഹം നിർദ്ദേശിച്ചു.

