ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനത്തില്‍ മികച്ച പുരോഗതിയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അവധി ദിവസങ്ങളിലടക്കം ജോലി ചെയ്ത് കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കിയ വകുപ്പുകളെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. 2022 സെപ്റ്റംബര്‍ 15 നകം 100 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ഓരോ വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ നേരിട്ട് പരിശോധിക്കണം. തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട് മീറ്റിങ് മിനുറ്റുസ് ലഭ്യമാക്കി പുരോഗതി പരിശോധിക്കാനും മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്കി. എല്ലാ വകുപ്പുകളും നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ടെന്ന് കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ വിവിധ വകുപ്പുകള്‍ 50 മുതല്‍ 80 ശതമാനം വരെ ഫയലുകള്‍ തീര്‍പ്പാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.