ഇന്‍ഡിഗോ വിമാനത്തിന് നേരെ പാഞ്ഞടുത്ത് ഗോ-ഫസ്റ്റ് എയര്‍ലൈനിന്റെ കാര്‍. ഡല്‍ഹി വിമാനത്താവളത്തിനുള്ളിലായിരുന്നു അസാധാരണമായ സംഭവം നടന്നത്. ഇന്ന് രാവിലെ പാട്‌നയിലേക്ക് പുറപ്പെടാന്‍ വിമാനം തയ്യാറെടുക്കുന്നതിനിടെയാണ് ഗോ ഫസ്റ്റ് എയര്‍ലൈനിന്റെ കാര്‍ വന്നത്. വിമാനത്തിന്റെ മുന്‍ഭാഗത്തെ വീലുമായി കൂട്ടിയിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഇന്‍ഡിഗോയുടെ എ 320 നിയോ വിമാനത്തിനടിയില്‍ കാര്‍ അകപ്പെടുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. ഡല്‍ഹി എയര്‍പോര്‍ട്ടിലെ ടി2 ടെര്‍മിനലിലായിരുന്നു സംഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷിക്കും.
അതേസമയം കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും പരിശോധനയില്‍ ഇല്ലെന്ന് തെളിഞ്ഞു. സംഭവത്തില്‍ വിമാനത്തിന് കേടുപാടുകളോ പോറലോ സംഭവിച്ചിട്ടില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഷെഡ്യൂള്‍ ചെയ്ത സമയത്ത് തന്നെ ഇന്‍ഡിഗോ വിമാനം പുറപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ഇന്‍ഡിഗോയും ഗോ ഫസ്റ്റും ഇതുവരെ തയ്യാറായിട്ടില്ല.