ഈസ്റ്റ് മാണൂരിൽ തെരുവുനായുടെ ആക്രമണത്തിൽ ആറ് വയസ്സുകാരനും അയൽവാസിയായ യുവാവിനും പരിക്കേറ്റു. ഈസ്റ്റ് മാണൂർ മദ്റസക്ക് സമീപം താമസിക്കുന്ന അച്ചാരത്ത് സമീറ-അബ്ഗഫൂർ ദമ്പതികളുടെ മകൻ മുഹമ്മദ് അമൻ സാക്കിക്കും സമീപവാസി പള്ളിയാലിൽ അബ്ദുൽ റഷീദിനുമാണ് നായുടെ അക്രമണത്തിൽ പരിക്കേറ്റത്.
പെരുന്നാളിനോടനുബന്ധിച്ച് മുഹമ്മദ് അമൻ സാക്കി ഉമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് നായ് അക്രമിച്ചത്. വൈകീട്ട് അഞ്ചിന് മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ നായ് കടിക്കുന്നത് കണ്ട് സ്ത്രീകൾ ബഹളം വെക്കുന്നത് കേട്ടാണ് സമീപവാസിയായ അബ്ദുൾ റഷീദ് സ്ഥലത്തെത്തിയത്. തുടർന്ന് നായ് റഷീദിനെയും കടിക്കുയായിരുന്നു. കുട്ടിയുടെ ഇടത് കൈയുടെ വശങ്ങളിലും റഷീദിന്റെ ഇടത് കൈയുടെ തള്ളവിരലിനുമാണ് പരിക്കേറ്റത്. കൂടുതൽ മുറിവുകളേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജിലും അബ്ദുൽ റഷീദിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലുമെത്തിച്ച് ചികിത്സ നൽകി. വട്ടംകുളം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നായ് ശല്യം രൂക്ഷമാണ്. ഏതാനും ദിവസം മുമ്പാണ് കല്ലാനിക്കാവ് മേഖലയിൽ തെരുവുനായുടെ അക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റത്.

