തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ നാലു വർഷത്തിൽ വൻവർദ്ധനവ്. 2015-16 ൽ 33.99 ലക്ഷം പേരായിരുന്നു പെൻഷൻ വാങ്ങിയിരുന്നത്. 2019-20 ൽ 48.91 ലക്ഷമായി ഉയർന്നു. ഈ കാലയളവിൽ കുറഞ്ഞ പെൻഷൻ തുക 600 രൂപയിൽ നിന്ന് 1,300 രൂപയായി ഉയർത്തുകയും ചെയ്തു.
വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്നത്. 2016 ജൂലൈ മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക നൽകുന്നത് കൂടാതെ പെൻഷൻ തുക ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകളിൽ 38.97 ലക്ഷം ആളുകളും മുനിസിപ്പാലിറ്റികളിൽ 5.84 ലക്ഷവും കോർപ്പറേഷനുകളിൽ 3.37 ലക്ഷം ആളുകളുമാണ് പെൻഷൻ പരിധിയിലുള്ളത്.
കർഷക തൊഴിലാളി പെൻഷൻ 4.52 ലക്ഷം ആളുകൾക്കും വയോജന പെൻഷൻ 25.17 ലക്ഷം പേർക്കും ലഭിക്കുന്നു. വികലാംഗ പെൻഷൻ സ്‌കീമിൽ ഉൾപ്പെടുന്നത് നാലു ലക്ഷം പേരാണ്.
അൻപതു കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷന്റെ ആനുകൂല്യം 84896 പേർക്കും വിധവാ പെൻഷൻ ആനുകൂല്യം 13.56 ലക്ഷം പേർക്കും ലഭിക്കുന്നു. 2011 മുതൽ 2016 വരെ വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകളിലായി ആകെ വിതരണം ചെയ്തത് 8,429 കോടി രൂപയായിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 23,255 കോടി രൂപയാണ് പെൻഷൻ ഇനത്തിൽ ഇതുവരെ വിതരണം ചെയ്തത്.