തിരുവന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ കുട്ടികള്‍ നാളെ വീണ്ടും സ്‌കൂളിലേക്ക്. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്നു ലക്ഷത്തിലധികം കുരുന്നുകള്‍ ഇക്കുറി പുതിയതായി വിദ്യാലയങ്ങളിലെക്ക് എത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
ആദ്യമായി എത്തുന്നവരെ സ്വീകരിക്കാന്‍ വര്‍ണാഭമായ സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലാകേന്ദ്രങ്ങളിലൂം സ്‌കൂള്‍തലത്തിലും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് എളമക്കര സ്‌കൂളില്‍ എത്തും.