തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ഇരട്ടകൊലപാതക കേസ് പ്രതി മണിച്ചന്റെ കൊലപാതകം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചെന്ന് പോലീസിന്റെ കണ്ടെത്തല്‍. മദ്യപാനത്തിനിടെ പാടിയ പാട്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇരട്ടക്കൊലക്കേസ് പ്രതിയായ മണിച്ചന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികള്‍ക്ക് മണിച്ചനോട് മുന്‍വൈരാഗ്യമുണ്ടെന്നും പോലീസ് പറയുന്നു. നിലവില്‍ പൂജാരി ഉള്‍പ്പെടെ രണ്ടുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.അരുവിക്കര പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. സംഘര്‍ഷമുണ്ടാകുമെന്ന് പ്രതികള്‍ നേരത്തെ തന്നെ മുന്‍കൂട്ടി കണ്ടിരുന്നു. ദീപക് വിളിച്ചത് അനുസരിച്ചാണ് അരുണ്‍ വഴയിലയിലെ ലോഡ്ജിലേക്ക് ഒപ്പം പോയത്.ഇന്നലെ രാത്രിയാണ് ഇരട്ടക്കൊലക്കേസ് പ്രതിയായ മണിച്ചന്‍ വെട്ടേറ്റു മരിച്ചത്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജില്‍ വെച്ചായിരുന്നു സംഭവം. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഹരികുമാര്‍ എന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് പ്രതികള്‍ക്കായി നടത്തിയ തെരച്ചിലിന് ഒടുവിലാണ് പൂജാരിയെ നെട്ടയം മലമുകളില്‍ നിന്ന് പിടികൂടിയത്.
ആറ് മാസങ്ങള്‍ക്ക് മുന്‍പ് മണിച്ചന്‍ ഒരു തര്‍ക്കവുമായി ബന്ധപ്പെട്ട് അരുണിനെ ആക്രമിച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് തീര്‍ക്കാന്‍ കൂടിയാണ് അരുണും ദീപക്കും ലോഡ്ജിലേക്ക് പോയത്. പിന്നീട് ഇവര്‍ ഒരുമിച്ചിരുന്ന മദ്യപിക്കുകയും ഒരു പാട്ട് പാടിയതിനെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഈ സമയത്താണ് കൈയില്‍ കരുതിയിരുന്ന ആയുധമെടുത്ത് മണിച്ചനേയും ഒപ്പമുണ്ടായിരുന്ന ഹരികുമാറിനേയും പ്രതികള്‍ ആക്രമിച്ചത്.
ചികിത്സയുമായി ബന്ധപ്പെട്ട് ഹരികുമാറാണ് ലോഡ്ജില്‍ മുറിയെടുത്തിരുന്നത്.2011ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മണിച്ചന്‍. ഈ കേസില്‍ പ്രതികള്‍ക്ക് എതിരായി മൊഴി നല്‍കരുത് എന്നാവശ്യപ്പെട്ട് പ്രധാന സാക്ഷ സുധീഷിനെ മണിച്ചന്‍ ഉള്‍പ്പെടെയുള്ള സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹരികുമാറിന്റെ മൊഴി നിര്‍ണായകമായിരിക്കുമെന്നും പൊലീസ് പറയുന്നു. മദ്യപാനത്തിനിടെ പാട്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.