തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപികയെ കോട്ടയം സ്വദേശികളായ ദമ്പതിമാര്‍ക്കൊപ്പം ഇറ്റാനഗറില്‍ മരിച്ച നിലയില്‍. ദമ്പതികളായ നവീനിനെയും ദേവിയെയും അദ്ധ്യാപികയായ ആര്യയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മാര്‍ച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു ആര്യ. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇതേ സ്‌കൂളിലെ മുന്‍ അദ്ധ്യാപികയായിരുന്ന ദേവിയെയും ഭര്‍ത്താവിനെയും കാണാതായെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. മൂവരുടെയും ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഈ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
ദേവിയും ആര്യയും അടുത്ത സുഹൃത്തുകളായിരുന്നു. ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം വീട്ടില്‍ വിളിച്ച് അറിയിക്കുന്നത്.