‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്ന പേരില്‍ റിലീസിന് ഒരുങ്ങിയ സിനിമയുടെ പേര് മാറ്റി. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് പേര് മാറ്റിയത്. ഭാരതം എന്ന് ഒഴിവാക്കി ഒരു സര്‍ക്കാര്‍ ഉത്പന്നം എന്നാക്കിയാണ് മാറ്റിയത്. പേരില്‍ നിന്ന് ഭാരതം ഒഴിവാക്കാനാണ് അണിയറ പ്രവര്‍ത്തകരോട് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.
മാര്‍ച്ച് 8 ന് റിലീസ് തീരുമാനിച്ചിരിക്കുന്നതിനാല്‍ റിവ്യു കമ്മിറ്റിക്ക് മുന്നില്‍ അപ്പീല്‍ നല്‍കാതെ പേര് മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് മാസത്തോളം എടുക്കും എന്നതിനാലാണ് പേര് മാറ്റാന്‍ നിര്‍ബന്ധിതരായത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തോടുള്ള പ്രതിഷേധമായി ഭാരതം എന്നതിനെ പേപ്പറുകൊണ്ട് മറയ്ക്കുന്ന രീതിയിലാണ് പുതിയ പോസ്റ്റര്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി 40,000 ത്തോളം പോസ്റ്ററുകളാണ് പ്രിന്റ് ചെയ്തത്. ഇതിലെല്ലാം ഭാരത എന്ന വാക്കിന് പേപ്പര്‍ ഒട്ടിക്കാനാണ് തീരുമാനം.
ടിവി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുഭീഷ് സുധി, ഷെല്ലി, ഗൗരി കിഷന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്‍, കെ.സി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തര്‍ ആണ്. അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ഗോകുലന്‍, വിനീത് വാസുദേവന്‍, ദര്‍ശന നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിജയ് ബാബു, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.