സംസ്ഥാനത്ത് തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ തിയേറ്ററുകള്‍ ചൊവ്വാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, വലിയ സാമ്പത്തിക ബാധ്യതയാണ് അമ്പത് ശതമാനം കാണികളെ ഇരുത്തി സിനിമ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഉണ്ടാവുകയെന്നാണ് തിയേറ്റര്‍ ഉടമകള്‍ കരുതുന്നത്.
ഇക്കാര്യത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു. നിര്‍മാതാക്കളും വിതരണക്കാരുമായി ചൊവ്വാഴ്ച തിയറ്റര്‍ ഉടമകള്‍ ചര്‍ച്ച നടത്തും. വിനോദ നികുതിയും വൈദ്യുതി ഫിക്‌സ്ഡ് ചാര്‍ജും ഒഴിവാക്കണമെന്നാണ് ആവശ്യം. സിനിമാ പ്രദര്‍ശനം സംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ച ഉണ്ടാകുമെന്ന് തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.
മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് വലിയ തുക മുടക്കേണ്ടിവരും. കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കുടുംബവുമായി തിയേറ്ററുകളില്‍ എത്തുന്നവര്‍ കുറവായിരിക്കുമെന്നാണ് കരുതുന്നത്. തിയറ്ററുകള്‍ തുറന്ന ഉടന്‍ തന്നെ സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തയാറാകുമോ എന്നും സംശയമുണ്ട്.
എന്നാല്‍ നഗരങ്ങളിലും പട്ടണങ്ങളിലുമുളള മാളുകളിലെ മള്‍ട്ടി പ്രക്‌സുകള്‍ ഈ സംഘടനയില്‍ അംഗമല്ല. ഇത്തരം തിയേറ്ററുകളില്‍ ചൊവ്വാഴ്ച മുതല്‍ പ്രദര്‍ശനം തുടങ്ങാന്‍ സാധ്യതയുണ്ട്.