തിരുവനന്തപുരം: തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമെന്നും, നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടന്‍ ജയസൂര്യ. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം. വ്യാജ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കിയെന്നും ജയസൂര്യ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസമായി കുടുംബസമേതം അമേരിക്കയിലാണ്. അതിനിടയിലാണ് തനിക്കു നേരെ വ്യാജ പീഡനാരോപണങ്ങള്‍ ഉണ്ടാകുന്നത്. അത് കുടുംബത്തിനും എന്നെ ചേര്‍ത്തു നിര്‍ത്തിയവര്‍ക്കും വലിയ മുറിവായി, വേദനയായി. നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യം അവര്‍ തീരുമാനിച്ചുകൊള്ളും.’
‘ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനഃസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും. അന്തിമ വിജയം സത്യത്തിന് ആയിരിക്കുമെന്നത് സുനിശ്ചിതമാണ്. നിരപരാധിത്വം തെളിയാന്‍ നിയമപോരാട്ടം തുടരും.’ ജയസൂര്യ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഇന്ന് തന്റെ ജന്മദിനമാണെന്നും, ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന്, അതില്‍ പങ്കാളികളായവര്‍ക്ക് നന്ദി. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ…പാപികളുടെ നേരെ മാത്രം എന്നു പറഞ്ഞുകൊണ്ടാണ് ജയസൂര്യയുടെ കുറിപ്പ് അവസാനിക്കുന്നത്. നടിമാരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമം നടത്തിയതിന് ജയസൂര്യക്കെതിരെ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.