സഹകരണ ബാങ്കുകളിലെ ഡെപ്പോസിറ്റ് ഗാരന്റി സ്‌കീംമിലെ രണ്ട് ലക്ഷമെന്ന പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപം എത്ര ആയാലും അത് തിരിച്ച് കിട്ടുമെന്ന ഉറപ്പ് നിക്ഷേപകര്‍ക്ക് നല്‍കണം. ലിക്വിഡേഷന്‍ സ്റ്റേജില്‍, മാത്രമെ ഈ പണം തിരികെ നല്‍കൂവെന്ന നിബന്ധനയും ഒഴിവാക്കണം. ലിക്വിഡേന്‍ വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന പ്രക്രിയ ആയതിനാല്‍ നിക്ഷേപകര്‍ക്ക് അടുത്ത കാലത്തൊന്നും പണം തിരിച്ചുകിട്ടാത്ത അവസ്ഥയുണ്ട്. നിലവില്‍ ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീം സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് നടപ്പിലാക്കുന്നത്. അത് മാറ്റി സഹകരണ ബാങ്കുകളിലെ മുഴുവന്‍ നിക്ഷേപവും തിരിച്ച് കിട്ടുമെന്ന് ഉറപ്പാക്കാനുള്ള നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയാറാകണം. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കായാലും പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കരുവന്നൂര്‍ ബാങ്കിലെ പ്രശ്നം മാത്രമല്ലിത്. കേരളത്തിലെ 164 ബാങ്കുകളില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്ത സാഹചര്യമുണ്ട്. എല്ലാ സഹകരണ ബാങ്കുകളിലേയും നിക്ഷേപങ്ങള്‍ക്ക് ഗ്യാരന്റി ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നിക്ഷേപം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നാല്‍ അത് സഹകരണ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍ നിക്ഷേപങ്ങള്‍ നഷ്ടപ്പെടില്ലെന്ന ഉറപ്പാണ് സര്‍ക്കാര്‍ അടിയന്തിരമായി നല്‍കേണ്ടതെന്ന് വിഡി സതീശന്‍ ചൂണ്ടികാട്ടി.
സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകാതെ തന്നെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കിയുള്ള നിയമനിര്‍മ്മാണത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രതിപക്ഷവും തയാറാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചാല്‍ പ്രതിപക്ഷവും യു.ഡി.ഫ ഫും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും. കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് പണം നഷ്ടമാകുന്ന അവസ്ഥയെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാന്‍ യു.ഡി.എഫ് ഉദ്ദേശിക്കുന്നില്ല. പാവങ്ങളുടെയും പെന്‍ഷന്‍കാരുടെയും വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയുടെ പിതാവും ഇപ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് അഞ്ച് വര്‍ഷം മുന്‍പെ ഈ തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നു. എന്നിട്ടും നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്? ഉന്നത സി.പി.എം നേതാക്കളുടെ അറിവോടെയാണ് കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് നടന്നത്. ഇതു സംബന്ധിച്ച പൊലീസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. നിക്ഷേപകര്‍ക്കും പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. അതിനാല്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ, ഉദ്യോഗസ്ഥരുടെ കൈയ്യും കാലും കെട്ടിയിട്ട്, എ.കെ.ജി സെന്റര്‍ ആക്രമണത്തെ കുറിച്ച് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. ശരിക്ക് അന്വേഷിച്ചാല്‍ അത് സി.പി.എമ്മില്‍ തന്നെ എത്തിച്ചേരും. സി.പി.എമ്മിലേക്ക് എത്തുമെന്ന ഘട്ടമായപ്പോള്‍ അന്വേഷണത്തെ തടസപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.