കോഴിക്കോട് : സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കഫേ കാന്റീന് ഇന്ന് ഒന്നാം പിറന്നാള്‍. 2018 ആഗസ്റ്റ് ഒന്നിന് അന്നത്തെ ജില്ലാ കളക്ടറായിരുന്ന യു.വി ജോസാണ് കഫേകാന്റീന്‍ ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തിന്റേയും പ്രസിഡന്റിന്റേയും പൂര്‍ണമായ പിന്തുണ കാന്റീന്‍ നടത്തിപ്പിന് ലഭ്യമാകുന്നതായി കാന്റീന്‍ തൊഴിലാളികള്‍ പറയുന്നു. ജീവിതമാര്‍ഗം മുട്ടി വളരെ പ്രയാസം അനുഭവിക്കുന്ന അവസരത്തിലാണ് കുടുംബശ്രീ മിഷന്‍ ഇങ്ങനെയൊരവസരം തങ്ങള്‍ക്ക് നല്‍കിയതെന്ന് കാന്റീന്‍ തൊഴിലാളികളായ പ്രശാന്തിയും, സുജിതയും, സജീനയും പറയുന്നു.
കുടുംബശ്രീ സംരംഭകത്വ വികസനത്തിനും വിപണനത്തിനും നിര്‍ലോഭമായ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 10 വനിതകളാണ് സംരംഭകരായി കഫേ കാന്റീന്‍ നടത്തുന്നത് .കൃതൃമ രുചിക്കൂട്ടുകളില്ലാത്ത ഭക്ഷണമാണ് കാന്റീനില്‍ നല്‍കുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് കാന്റീന്‍ പ്രവര്‍ത്തനം. രാവിലെ ഏഴര മുതല്‍ വൈകിട്ട് അഞ്ചു വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കഫേ പ്രവര്‍ത്തിക്കുന്നു. സിവില്‍ സ്റ്റേഷനിലേക്ക് വരുന്ന ജീവനക്കാര്‍ ഉള്‍പ്പടെ പൊതു ജനങ്ങളും കാന്റീനെ ആശ്രയിക്കുന്നുണ്ട.് കാന്റീനില്‍ നിന്നും സ്വകാര്യ ആവശ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി ഭക്ഷണം തയ്യാറാക്കി നല്‍കുന്നുണ്ട്.
കുടുംബശ്രീ കരുവിശ്ശേരിയില്‍ നടത്തിയ 17 ദിവസത്തെ ട്രെയിനിങ്ങിന് ശേഷമാണ് ഇവിടെ ജോലിക്കായി വന്നതെന്ന് പ്രശാന്തി പറഞ്ഞു. ‘ജില്ലയില്‍ നടക്കുന്ന ഭക്ഷ്യമേളകളിലൊക്കെ ഞങ്ങളുടെ പങ്കാളിത്തം ഉണ്ടാകാറുണ്ട്. കേരളത്തിന് പുറത്ത് ഡല്‍ഹിയിലും ഭക്ഷ്യമേള നടത്തിയിട്ടുണ്ട്. ഇതില്‍ നിരവധി സമ്മാനങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചു. ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന രാധികയുടെ മകള്‍ പവര്‍ലിഫ്റ്ററായി യൂറോപ്പില്‍ നിന്ന് മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അവിടെ പോകാനൊക്കെ അവസരം ലഭിച്ചത് ഇവിടുന്ന് ലഭിച്ച വരുമാനം കൊണ്ടാണ്. അതേ പോലെ കൂടെ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക മുട്ടനുഭവിക്കുമ്പോള്‍ അവരെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്.’ കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്ററായ പി.സി കവിതയുടെ മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കാറുണ്ടെന്ന് പ്രശാന്തി പറഞ്ഞു. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് കുടുംബശ്രീ കഫേ കാറ്ററിംഗിന്റെ വിജയരഹസ്യം