ബയോപിക്ക് ചിത്രങ്ങളിൽ തന്റെ അസാമാന്യ കഴിവ് പുറത്തെടുക്കാൻ കഴിഞ്ഞ വ്യക്തിയാണ് ജയസൂര്യ. മലയാളത്തിന്റെ കാൽ പന്ത് കളിയുടെ രാജകുമാരനായ വി പി സത്യന്റെ ജീവിത കഥ അതിമനോഹരമായി അഭിനയിച്ചു ഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. വീണ്ടും, ഈ നാട് ഹൃദയം കൊണ്ട് ഏറ്റെടുത്ത മലയാള ചലചിത്ര നായകൻ സത്യന്റേയും മെട്രോ മാന്‍ ഇ. ശ്രീധരന്റെയും ജീവിത കഥയുമായി ബിഗ് സ്‌ക്രീനിൽ എത്തുകയാണ് ജയസൂര്യ.
രാമസേതു എന്ന് പേരിട്ടാണ് മെട്രോ മാന്റെ കഥ പുറത്ത് വരുന്നത് അതേ സമയം നടൻ സത്യന്റെ ബയോപിക് ചിത്രത്തിന് പേര് നൽകിയിട്ടില്ല. പ്രമുഖരുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കഴിയുന്നത് തനിക്ക് ലഭിച്ച വലിയ ഒരു അനുഗ്രഹം ആണെന്ന് ജയസൂര്യ ടൈംസ് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.‘ഇ. ശ്രീധരൻ ജീവിതത്തിൽ നിരവധി വെല്ലുവിളികളെ അതിജീവിച്ച ആളാണ്. ഇത്തരം മഹാന്മാരുടെ ജീവിതം കാണുന്നവർക്കും ഊർജം നൽകും. സത്യൻ ഒരു നടൻ എന്നതിൽ ഉപരി ഒരു അധ്യാപകനും പട്ടാളക്കാരനും പൊലീസുകാരനും ആണ്. ഇങ്ങനെ പല അടരുകൾ ഉള്ള ഒരു ജീവിതത്തെ അവതരിപ്പിക്കാൻ ആയതിലും സന്തോഷമുണ്ട്.’
താൻ അഭിനയിച്ച മറ്റു സാങ്കൽപ്പിക കഥാപാത്രങ്ങളെ പോലെ എളുപ്പമല്ല ജനങ്ങൾക്കിടയിൽ ജീവിക്കുന്ന പ്രിയപെട്ടവരെ അഭിനയിച്ചു ഫലിപ്പിക്കാൻ എന്ന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നടനെന്ന നിലയിൽ അവരെ നന്നായി പഠിക്കുന്നുവെന്നും ഒപ്പം ബയോപിക് ചിത്രങ്ങൾ ഒന്നും താൻ തേടി പോകുന്നതല്ലായെന്നും തന്നെ തേടി വരുന്നതാണെന്നും നടൻ കൂട്ടി ചേർത്തു