ബെംഗളൂരു: കര്‍ണാടകയില്‍ എസ്.പി ഓഫീസ് വളപ്പില്‍ വച്ച് പൊലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്തു നിന്നും ഓടിപ്പോയി. മമത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശാന്തിഗ്രാമയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു ലോകനാഥാണ്(48) പ്രതി.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ മമത ഹാസന്‍ എസ്പി ഓഫീസില്‍ എത്തിയപ്പോഴായിരുന്നു സംഭവം.ഇതില്‍ രോഷാകുലനായ ലോകനാഥ്, പതിയിരുന്ന് ഭാര്യയുടെ നെഞ്ചില്‍ കുത്തുകയും പൊലീസുകാരും ആളുകളും നോക്കിനില്‍ക്കെ മമതയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ഹാസന്‍ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.