സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ഉണ്ടായ ബോംബേറ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനായി പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് സിപിഎം രാവിലെ 11 മണിക്ക് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.എകെജി സെൻ്റർ ആക്രമണവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ പറഞ്ഞു . സിസിടിവി ദൃശ്യങ്ങളൊക്കെ നോക്കിയിരുന്നു രാത്രി ആയതിനാൽ ഒരുപാട് ദൃശ്യങ്ങളൊന്നും കിട്ടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു,വിശദമായ പരിശോധനകൾ നടത്തുകയാണ്. ഒരാൾ ബൈക്കിൽ വന്ന് സ്ഫോടക വസ്തു എറിഞ്ഞതായാണ് മനസിലാക്കുന്നത്. സ്ഫോടക വസ്തുവിൻ്റെ വിശദാംശങ്ങളെപ്പറ്റി അറിയില്ല. ബാക്കി വിവരങ്ങൾ കൂടി അറിഞ്ഞതിനു ശേഷമേ എന്തെങ്കിലും പറയാനാവൂ.”- സ്പർജൻ കുമാർ പറഞ്ഞു.