സംസ്ഥാനത്തെ വൈദ്യുതി ബില്‍ മെയ് 16 ഓടുകൂടി അടക്കണമെന്ന് കെ എസ് ഇ ബിയുടെ ഉത്തരവില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ യുസി രാമന്‍ വൈദ്യുതി വകുപ്പ് മന്ത്രിക്ക് കത്തയച്ചു. ഉത്തരവ് ജനങ്ങളെ നരകത്തീയിലേക്ക് തള്ളിവിടുന്നതിന് തുല്യമായ നടപടിയാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിടേണ്ടി വന്ന കടകളുടേയും സ്ഥാപനങ്ങളുടേയും ബില്‍ തുക അടയ്ക്കാന്‍ സാധാരണക്കാരായ ഉടമകള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ കഴിയില്ല. ചെറുകിട – നാമമാത്ര – കുടില്‍ വ്യവസായങ്ങള്‍ നടത്തുന്നവരുടേയും സ്ഥിതി മറിച്ചല്ല എന്ന് കത്തില്‍ പറയുന്നുണ്ട്.
കത്തിന്റെ പൂര്‍ണരൂപം.
ബഹുമാനപ്പെട്ട കേരള വൈദ്യുതി വകുപ്പ് മന്ത്രിക്ക്,
വിഷയം: ലോക് ഡൗണ്‍ കാലത്തെ വൈദ്യുതി ബില്‍ ഒടുക്കുന്നതിലെ ആശങ്ക സംബന്ധിച്ച്.
മാന്യരെ,
സംസ്ഥാനത്തെ വൈദ്യുതി ബില്‍ മെയ് 16 ഓടുകൂടി അടക്കണമെന്ന് കെ എസ് ഇ ബിയുടെ ഉത്തരവ് ജനങ്ങളെ നരകത്തീയിലേക്ക് തള്ളിവിടുന്നതിന് തുല്യമായ നടപടിയാണ്.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിടേണ്ടി വന്ന കടകളുടേയും സ്ഥാപനങ്ങളുടേയും ബില്‍ തുക അടയ്ക്കാന്‍ സാധാരണക്കാരായ ഉടമകള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ കഴിയില്ല. ചെറുകിട – നാമമാത്ര – കുടില്‍ വ്യവസായങ്ങള്‍ നടത്തുന്നവരുടേയും സ്ഥിതി മറിച്ചല്ല.
കര്‍ശനമായ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരു മാസം പിന്നിട്ട സാഹചര്യത്തില്‍ ഇവരുടെ മുഴുവന്‍ വരുമാന സ്രോതസ്സും നിലച്ചുപോയ അവസ്ഥയിലാണ്.
ഗാര്‍ഹിക ഉപഭോക്താക്കളുടെ കാര്യവും മറിച്ചല്ല. സൗജന്യ റേഷന്‍ കൊണ്ടും ഭക്ഷണകിറ്റ് കൊണ്ടും ദുരിതകാലം താണ്ടുന്ന പാവപ്പെട്ടവരും നിത്യ കൂലിക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളും ഓട്ടോ തൊഴിലാളികളും ഉള്‍പ്പടെ എല്ലാവരും നിത്യനിദാനങ്ങള്‍ക്ക് പോലും പണമില്ലാതെ ഉഴലുകയാണ്.
ലക്ഷക്കണക്കിനാളുകള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ ഇല.ബോര്‍ഡിന്റെ പരിമിതമായ കൗണ്ടറുകളിലെത്തി ബില്‍ തുക ഒടുക്കേണ്ടി വരുമ്പോള്‍ ശാരീരിക അകലം പാലിക്കാന്‍ കഴിയാതെ വരുന്നത് രോഗ വ്യാപന സാധ്യതയിലേക്ക് വഴി തുറക്കുകയും ചെയ്യും.
ഈ സാഹചര്യം വിലയിരുത്തി ലോക് ഡൗണ്‍ പിന്‍വലിച്ച് ജനജീവിതം സാധാരണ നിലയിലായതിന് ശേഷം മാത്രമേ വൈദ്യുതി ബില്ല് ഇടാക്കൂ എന്ന തീരുമാനമാണ് ഇല. ബോര്‍ഡ് കൈക്കൊള്ളേണ്ടത്.
ഈ പരാതി പരിഗണിച്ച് മേല്‍ സൂചിപ്പിച്ച വിഷയത്തില്‍ അടിയന്തിര അനുകൂല നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്നു.
എന്ന്
വിശ്വസ്തതയോടെ
യു സി രാമന്‍
എക്‌സ് എം എല്‍ എ
Copy to
- ബഹു. കേരള മുഖ്യമന്ത്രി
- ബഹു പ്രതിപക്ഷ നേതാവ്
- ബഹു.പ്രതിപക്ഷ ഉപനേതാവ്

