ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത കേസിൽ നാട്ടകം പോളിടെക്നിക്ക് കോളേജിലെ സീനിയർ വിദ്യാർത്ഥികൾക്ക് രണ്ട് വർഷം തടവ് ശിക്ഷ. സീനിയർ വിദ്യാർത്ഥികളായിരുന്ന അഭിലാഷ് ബാബു, എസ് മനു, റെയ്സൺ, ജെറിൻ കെ പൗലോസ്, ജയപ്രകാശ്, പി നിഥിൻ, കെ ശരത് ജോ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. തടവ് ശിക്ഷ കൂടാതെ 12,000 രൂപ വീതം പിഴ അടക്കാനും പ്രിൻസിപ്പിൾ സെഷൻ കോടതി ജഡ്ജി എൻ ഹരികുമാർ ഉത്തരവിട്ടു.
പിഴ തുകയിൽ നിന്ന് 50,000 രൂപ റാഗിംഗിനെ തുടർന്ന് വൃക്ക തകരാറിലായ അവിനാഷ് എന്ന വിദ്യാർത്ഥിക്ക് നൽകാൻ നിർദേശിച്ചിട്ടുണ്ട്.
കോളേജ് ഹോസ്റ്റലിൽ വെച്ച് 2016ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടിലേക്ക് പോകാൻ നിൽക്കുകയായിരുന്ന ഒന്നാം വർഷ വിദ്യാർത്ഥികളെ തടഞ്ഞ് നഗ്നരാക്കി നിർത്തി വെള്ളമില്ലാത്ത തറയിൽ നീന്തിച്ചെന്നും ഒറ്റക്കാലിൽ നിറുത്തിച്ചെന്നുമാണ് പരാതി. കൂടാതെ നിർബന്ധിച്ച് മദ്യം കഴിപ്പിക്കുകയും ഹോസ്റ്റൽ മുറിയിലെ അലമമാരയിൽ കയറ്റിയിരുത്തി പാട്ടുപാടിച്ചതായും തലയിൽ വെള്ളം കോരി ഒഴിച്ചതായും പരാതിയിൽ പറയുന്നു.
ചിങ്ങവനം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ എ ജയചന്ദ്രൻ ഹാജരായി.