മറ്റൊരു തകർപ്പൻ ബൗളിങ്മായി പേസ് ബോളർ ശ്രീ ശാന്തും ഉജ്വല പ്രകടനത്തിലൂടെ ബാറ്റ്സ്മാന്മാരും അരങ്ങ് വാണപ്പോൾ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് മിന്നും ജയം. അഞ്ച് മത്സരങ്ങളിൽനിന്ന് നാലാം ജയം കുറിച്ച കേരളം നോക്കൗട്ട് സാധ്യത സജീവമാക്കി. കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കർണാടകയോട് ഏറ്റ പരാജയത്തിന്റെ നിരാശ മറന്ന് ബിഹാറിനെയാണ് കേരളം തകർത്തുവിട്ടത്. ഒൻപതു വിക്കറ്റിനാണ് കേരളത്തിന്റെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 40.2 ഓവറിൽ 148 റൺസിന് എല്ലാവരും പുറത്തായി. 149 റൺസിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം 41.2 ഓവറുകൾ ബാക്കിനിർത്തി ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. ഇതോടെ, എലീറ്റ് ഗ്രൂപ്പ് സിയിൽ 16 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയാണ് കേരളം നോക്കൗട്ട് സാധ്യത സജീവമാക്കിയത്.
32 പന്തിൽ നാലു ഫോറും 10 സിക്സും സഹിതം 87 റൺസുമായി പുറത്താകാതെ നിന്ന റോബിൻ ഉത്തപ്പയുടെ വെല്ലുന്ന പ്രകടനമാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. വിഷ്ണു വിനോദ് 12 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 37 റൺസെടുത്തു. സഞ്ജു സാംസൺ ഒൻപത് പന്തിൽ രണ്ടുവീതം സിക്സും ഫോറും സഹിതം 24 റൺസുമായി പുറത്താകാതെ നിന്നു.
149 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവർ അതിവേഗ തുടക്കമാണ് സമ്മാനിച്ചു . ട്വന്റി20 മത്സരത്തെയും വെല്ലുന്ന പ്രകടനവുമായി തകർത്തടിച്ച ഇരുവരും വെറും 29 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 76 റൺസ്. 10 ഓവറിനുള്ളിൽ കേരളം വിജയലക്ഷ്യം മറികടക്കും എന്ന നിലയിൽ മുന്നേറുമ്പോൾ, വിഷ്ണു വിനോദിനെ വീഴ്ത്തി ക്യാപ്റ്റന് അശുതോഷ് അമനാണ് കൂട്ടുകെട്ട് പൊളിച്ചത്. 12 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 37 റൺസെടുത്താണ് വിഷ്ണു മടങ്ങിയത്.

