എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സര്‍വീസില്‍ നിന്ന് വിരമിച്ചു.വൊളന്ററി റിട്ടയര്‍മെന്റിനുള്ള തന്റെ അപേക്ഷ കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകരിച്ചതായാണ് രാജേശ്വര്‍ സിംഗ് അറിയിച്ചത്. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് അദ്ദേഹം വിആര്‍എസ് എടുത്തത്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പുറിരിൽ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
സ്വമേധയാ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കളെ പുകഴ്ത്തി രാജേശ്വര്‍ ട്വിറ്റ് ചെയ്തു.
നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി നഡ്ഡ, യോഗി ആദിത്യനാഥ് എന്നിവര്‍ ഇന്ത്യയെ ലോകശക്തിയാക്കാന്‍ പ്രയത്‌നിക്കുന്നവരാണെന്നും അവരോടൊപ്പം രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് രാജേശ്വര്‍ സിങ് ട്വീറ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് പോലീസില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേഗത്തില്‍ നീതി നടപ്പാക്കുന്ന എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.ഉത്തര്‍പ്രദേശ് പൊലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായിരുന്ന രാജേശ്വര്‍ സിംഗ് 2007ലാണ് ഇ.ഡിയില്‍ ജോയിന്‍ ചെയ്യുന്നത്.
ഇ.ഡിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പല അഴിമതിക്കാരേയും അഴിക്കുള്ളിലാക്കാന്‍ കഴിഞ്ഞുവെന്നും രാജേശ്വര്‍ സിങ് വ്യക്തമാക്കി.

