ബ്രഹ്മപുരത്ത് വീണ്ടും തീ പിടുത്തം; അണക്കാൻ തീവ്ര ശ്രമം തുടരുന്നു
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീ പിടുത്തം. സെക്ടർ ഒന്നിലാണ് തീപിടുത്തമുണ്ടായത്. അഞ്ചു അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. നിലവില്‍ വലിയ പുക പ്രദേശത്ത് നിറഞ്ഞിട്ടുണ്ട്. തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. സെക്ടർ ഒന്നിൽ വലിയതോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിനടിയിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. ആശങ്ക വേണ്ടെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അഗ്നിശമനസേനാംഗങ്ങൾ വ്യക്തമാക്കി. കൊച്ചിയെ രണ്ടാഴ്ചയോളം വിഷപ്പുകയിലമർത്തിയ ശേഷമാണ് മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തമുണ്ടായിരിക്കുന്നത്.