തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷൻ കേരളത്തിൽ ഏറ്റവും കൂടുതൽ ക്രൂരമായ മർദ്ദനം നടക്കുന്ന സ്റ്റേഷനാണെന്നും തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിഐ ആണ് മർദ്ദനത്തിന്റെ നേതാവെന്നും സിഐക്കെതിരെ ഇത്തരത്തിൽ വ്യാപകമായ പരാതികൾ ഉണ്ടായിട്ടുണ്ടെന്നും സതീശൻ ആരോപിച്ചു. സി ഐ യെ രക്ഷിക്കാൻ ഉന്നതതല ശ്രമം നടക്കുന്നുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
‘ആളുകളെ വഴിയിലിട്ട് തല്ലിക്കൊല്ലാൻ പൊലീസിന് ആരാണ് അധികാരം നൽകിയത്. പാർട്ടിക്കാരാണ് പൊലീസ് ഭരണം നടത്തുന്നത്. സ്റ്റേഷനിൽ വാദിയായും പ്രതിയായും എത്തുന്നവരെ മർദ്ദിക്കുന്ന രീതിയാണ് സിഐയുടേത്’. സി ഐ ഉൾപ്പെടെയുളള ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക നടപടികൾ സ്വീകരിച്ച് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.