ബ്രഹ്മപുരം തീപിടുത്തത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അഭ്യർത്ഥിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് കത്തയച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കണമെന്നും അതിനായി ഒരു വിദഗ്ദ്ധ സംഘത്തെ കൊച്ചിയിലേക്ക് അയക്കണമെന്നും സുരേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടു.
മാലിന്യ പ്ലാന്റിന് തീ പിടിച്ചിട്ട് ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോർപ്പറേഷനും സംസ്ഥാന സർക്കാറും നോക്ക് കുത്തികളായി നിൽക്കുകയാണെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്നി പർവ്വതത്തിന് പുറത്താണ് കൊച്ചിക്കാർ ഇപ്പോൾ ജീവിക്കുന്നത്. പലരും ഇപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. കാര്യങ്ങൾ കൈവിട്ടുപോയിട്ടും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ‘ആരോഗ്യ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചിട്ടില്ല എന്ന് കത്തിൽ ആരോപിച്ചിട്ടുണ്ട്.
കൂടാതെ, ബ്രഹ്മപുരം പ്ലാന്റിന് ആസൂത്രിതമായി തീവെച്ചതാണോയെന്ന സംശയം കൊച്ചിക്കാർക്കുണ്ട്. കരാറിന് പിന്നിലെ വൻ അഴിമതി മറച്ചുവെക്കാൻ മാത്രമാണ് ഉദ്യോഗസ്ഥർ തീകൊളുത്തിയതെന്നാണ് പൊതുധാരണ. മാലിന്യനിർമ്മാർജ കരാറിന്റെ മറവിൽ വലിയ അഴിമതിയാണ് കൊച്ചി കോർപ്പറേഷനിൽ നടക്കുന്നത്. ഇരുപാർട്ടിയിലെയും നേതാക്കൾ അഴിമതിയുടെ പങ്കുപറ്റിയതിന്റെ ദുരന്തമാണ് കൊച്ചിക്കാർ അനുഭവിക്കുന്നതെന്നും കേന്ദ്രമന്ത്രിക്കയച്ച കത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു.
ഇതിനിടെ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്താൻ തീരുമാനമായിട്ടുണ്ട്. . തീപിടിത്തവും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങൾ ഉള്ളവരുണ്ടെങ്കിൽ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും.