ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയിൽ ഭരണ–പ്രതിപക്ഷ ബഹളം.അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ, പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയിൽ ആരോപിച്ചു. പിന്നാലെ ക്ഷോഭിച്ച് എഴുന്നേറ്റ മുഖ്യമന്ത്രി കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വൻ ബഹളവും വാക് വാദവുമുണ്ടായി.
യുഎഇ കോൺസുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും ക്ലിഫ് ഹൗസിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുമോയെന്നുമാണ് അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ ചോദിച്ചത് . ‘പച്ചക്കള്ളമാണ്. എന്നെ ആരും കണ്ടില്ല, സംസാരിച്ചിട്ടില്ല’– മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഇരിപ്പടത്തിൽനിന്ന് എഴുന്നേറ്റ് ബഹളമുണ്ടാക്കി. തുടർന്ന് സഭ അൽപനേരത്തേക്ക് പിരിഞ്ഞു. കള്ളമാണെങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇതൊന്നും താൻ എഴുതിയ തിരക്കഥയല്ലെന്നും ഇഡി കോടതിക്ക് കൊടുത്ത റിപ്പോർട്ടിനെയാണ് താൻ ഉദ്ധരിച്ചതാണെന്നും കുഴൽനാടൻ വിശദീകരിച്ചു. തെറ്റാണെങ്കിൽ എന്ത് കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന ചോദ്യവും കുഴൽനാടൻ ഉന്നയിച്ചു. ഇപ്പോൾ സർക്കാർ സംവിധാനം ഉണ്ട്. മാത്യു കുഴൽനാടന്റെ ഉപദേശം ഇപ്പോൾ വേണ്ട.’– മുഖ്യമന്ത്രി മറുപടി നൽകി