സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന സിപിഎം ജാഥ കോഴിക്കോടും വയനാട്ടിലും എത്തിയപ്പോള്‍ ഇന്ധനം നിറച്ചത് മാഹിയില്‍നിന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
മുഖ്യമന്ത്രിയും പരിവാരങ്ങളും ഈ പ്രദേശത്ത് എവിടെ വന്നാലും പെട്രോളടിക്കുന്നത് മാഹിയിൽ വന്നാണെന്ന് പമ്പുകാർ തന്നോടു പറഞ്ഞു.ഒരു ലിറ്റര്‍ പെട്രോളിന് 10 രൂപയാണ് ഇതിലൂടെ ലാഭം. ഇതാണ് കേന്ദ്രഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസമെന്ന് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.എം.വി ഗോവിന്ദന്റെ പ്രതിരോധ ജാഥ എന്നത് അനുയോജ്യമായ പേര് തന്നെയാണ്. അഴിമതികള്‍, ജനദ്രോഹനയങ്ങള്‍, തട്ടിപ്പുകള്‍ എന്നിവയില്‍ നിന്നും മുഖ്യമന്ത്രിയെ പ്രതിരോധിക്കാനുള്ള ജാഥയാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.‘‘പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്, കേന്ദ്രം കൂട്ടി, അതുകൊണ്ട് ഞങ്ങളും കൂട്ടുന്നുവെന്നാണ്. കേന്ദ്രം എട്ടു രൂപയും 10 രൂപയും കുറച്ചപ്പോൾ അതേക്കുറിച്ച് സംസാരിക്കാൻ അവർ തയാറായില്ല.’ – സുരേന്ദ്രൻ പറഞ്ഞു.അതേസമയം സി.പി.എം സംസ്ഥാനത്ത് നടത്തുന്ന യാത്രയെ ബി.ജെ.പി ഭയക്കുന്നുവെന്നും എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ തൃശൂർ വിടുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തൃശൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത് അതുകൊണ്ടാണെന്നുമുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയോട് ‘കേരളത്തിൽ ഇനിയും ബി.ജെ.പി നേതാക്കളെത്തും. മാർച്ച് അഞ്ചിന് അമിത് ഷാ തൃശൂരിൽ വൻ പൊതുസമ്മേളനത്തെയാണ് അഭിസംബോധന ചെയ്യാൻ പോകുന്നത്. അമിത് ഷാ വരുന്നതിൽ ചിലർക്ക്, പ്രത്യേകിച്ച് മതഭീകരവാദികൾക്ക് വെപ്രാളമാണ്. മന്ത്രി മുഹമ്മദ് റിയാസ് വടക്കോട്ട് നോക്കാതെ റോഡിലെ കുഴിയടക്കാൻ നോക്ക്’ – സുരേന്ദ്രൻ പരിഹസിച്ചു.