റായ്പൂർ പ്ലീനറി സമ്മേളനത്തിൽ കോണ്‍ഗ്രസ് അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ വി എം സുധീരൻ. പാര്‍ട്ടി പ്രാഥമിക അംഗത്വത്തിനുള്ള വ്യവസ്ഥകളില്‍ മദ്യവര്‍ജനത്തിലും ഖാദി ഉപയോഗത്തിലും ഇളവ് നല്‍കിക്കൊണ്ടുള്ള തീരുമാനം വളരെ ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ചൂണ്ടിക്കാട്ടി സുധീരന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചു.റായ്പൂർ പ്ലീനറി സമ്മേളനത്തിലെ തീരുമാനം മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും തീരുമാനം പിൻവലിക്കണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു. മദ്യ ഉപയോഗം വലിയൊരു പൊതുജനാരോഗ്യ വിഷയമായി ഉയര്‍ന്നുവരുന്ന കാലത്ത് ഭേദഗതി ദൗര്‍ഭാഗ്യകരവും ഗൗരവമേറിയതുമാണ്. പ്ലീനറി സമ്മേളനത്തില്‍ ഉണ്ടായിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്തെ മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.മദ്യപിക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള കര്‍ശന വിലക്ക് തുടരും.