വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് 20 ടൺ ഉള്ളി കൃഷി നശിപ്പിച്ച് മഹാരാഷ്ട്രയിലെ കർഷകൻ. നാസിക്കിലെ നൈതാലെ ഗ്രാമത്തിലെ കർഷകൻ സുനിൽ ബൊർഗുഡെയാണ് വിളിവെടുക്കാൻ പാകമായ 20 ടൺ കൃഷി യന്ത്രമുപയോഗിച്ച് നശിപ്പിച്ചത്.
ഉള്ളി വിറ്റാൽ കൂലി പോലും കിട്ടില്ലെന്നും കൃഷി ചിലവും കുടുംബത്തിന്റെ മൂന്ന് മാസത്തെ അധ്വാനവും പാഴായെന്നും കർഷകൻ പറഞ്ഞു.
2022 ഡിസംബർ മുതൽ വിത്തിനും മറ്റുമായി 1.5 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിളവെടുപ്പിന് 30,000 രൂപ ചെലവ് വരുമെന്നും എന്നാൽ വിളവെടുപ്പ് സമയമായപ്പോൾ വിപണി വില ക്വിന്റലിന് 550 രൂപയായി കുറഞ്ഞു. ഞങ്ങളുടെ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന വരുമാനം തുച്ഛമാണ്. വിള നശിപ്പിക്കുക മാത്രമായിരുന്നു മുന്നിലുള്ള പോംവഴിയെന്നും സുനിൽ ബൊർഗുഡെ പറഞ്ഞു .
കൂടാതെ 13 ട്രാക്ടർ ട്രോളികൾ വാടകക്കെടുക്കണം. ഓരോന്നിനും 15 ക്വിന്റൽ ഉള്ളി കൊണ്ടുപോകാനേ സാധിക്കൂ. ഇതിന് രണ്ട് ലക്ഷം രൂപ ചെലവാകും. കമ്മീഷനും തൊഴിലാളികൾക്കുള്ള കൂലിക്കുമായി 7,000 രൂപ കൂടി നൽകണം. മാർക്കറ്റ് വില കണക്കിലെടുക്കുമ്പോൾ, ഉള്ളിക്ക് 80,000 രൂപ മാത്രമാണ് ലഭിക്കുക. എന്നാൽ, രണ്ട് ലക്ഷം രൂപ ചെലവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ സർക്കാരിന് സമയമില്ലെന്നും കർഷകൻ പറഞ്ഞു.