പൊതു ജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തന്റെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും കളങ്കം ഉണ്ടാക്കുന്ന വ്യക്തിത്വങ്ങളെ ചുമക്കേണ്ട ബാധ്യത സർക്കാരിനില്ല. പൊതുജനങ്ങളെ പണം കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും സർക്കാരിനുണ്ടാകില്ല. അവരെ പുഴുക്കുത്തുകളായി കരുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.”വികസന പ്രവർത്തനവും ക്ഷേമപ്രവർത്തനവുമൊക്കെ നടക്കുമ്പോൾ അതിൽ നിന്ന് ലാഭമുണ്ടാക്കാം എന്ന ചിന്ത വളരെക്കുറച്ച് പേർക്കെങ്കിലും ഉണ്ടാകുന്നുണ്ട്.ഭൂരിപക്ഷം ജീവനക്കാരും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നവരാണ്. എന്നാൽ ചുരുക്കം ചിലർക്ക് ലാഭചിന്തകളുണ്ട്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് അവർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയിലാണ് മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്. ദുരിതാശ്വാസനിധി തട്ടിപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം