കോഴിക്കോട്: ഒമ്പതാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയ ബോണി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ ബോണി മയക്കുമരുന്ന് കച്ചവട സംഘത്തിലെ അംഗമാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വെളിപ്പെടുത്തലിൽ പറയുന്ന പത്തു പേരുടെയും സാക്ഷികളുടെയും അടക്കം 20 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കുട്ടിക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയത് എങ്ങനെയാണ് എന്നത് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു വരുകയാണ്. കുട്ടിക്കൊപ്പം സ്‌കൂളിൽ പഠിച്ച വിദ്യാർത്ഥികളുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. പലരും പഠനം പൂർത്തിയാക്കി സ്‌കൂൾ വിട്ട് പോയതിനാലും, ഒരേ പേരുകളിൽ തന്നെ ഒരുപാട് വിദ്യാർത്ഥികളുള്ളതിനാലും ഇവരെ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. കൂടെ പഠിച്ച ആൺകുട്ടിയാണ് മയക്കുമരുന്ന് നൽകിയതെന്ന് കുട്ടി പറഞ്ഞിരുന്നു. പക്ഷെ അന്വേഷണത്തിൽ ആൺകുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെളിവ് ലഭിച്ചിരുന്നില്ല.