ന്യൂഡല്‍ഹി: ബുധനാഴ്ച നടന്ന ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് വിജയം. ആംആദ്മി പാര്‍ട്ടിയുടെ ഷെല്ലി ഒബ്റോയ്യാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഷെല്ലി ഒബ്റോയ്ക്ക് 150 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി രേഖ ഗുപ്തക്ക് 116 വോട്ടുകളാണ് ലഭിച്ചത്. മേയറായി തെരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്റോയ്യെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭിനന്ദിച്ചു. ‘ഗുണ്ടകള്‍ തോറ്റു, ജനം വിജയിച്ചു’ എന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനാവില്ല എന്ന സുപ്രീം കോടതി വിധി വന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് തെരഞ്ഞെടുപ്പ് നടന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളെ ഒപ്പം നിര്‍ത്തി മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നായിരുന്നു ബിജെപി പദ്ധതി. എന്നാല്‍ ഈ പദ്ധതി കോടതിവിധിയോടെ പരാജയപ്പെടുകയായിരുന്നു.
ലഫ്റ്റനന്റ് ഗവര്‍ണര്‍ ആകെ 10 പേരെയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നാമനിര്‍ദേശം ചെയ്തത്. കോര്പ്പറേഷന് ഭരണത്തില്‍ സഹായിക്കാന്‍ വിവിധ മേഖലകളിലെ വിദഗ്ധരെയാണ് നാമനിര്‍ദേശം ചെയ്യുന്നത്. ഇവര്‍ക്ക് വോട്ടവകാശം ഇല്ലെന്ന് എഎപിയും ഉണ്ടെന്ന് ബിജെപിയും വാദിച്ചിരുന്നു. ഇവര്‍ക്ക് വോട്ടവകാശം നല്കി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നാണ് എഎപി ആരോപിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന നിയമിച്ച കൗണ്‍സില്‍ അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതില്‍ എഎപി ശക്തമായ പ്രതിഷേധിച്ചിരുന്നു. ബിജെപി- ആംആദ്മി തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് തവണ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയും ചെയ്തിരുന്നു.