ഹരിയാനയില്‍ ബജ്രംഗദള് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ യുവാക്കളെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഹരിയാനയില്‍ കാക്ക കറന്റടിച്ച് ചത്താലും കുറ്റം ബിജെപിക്കോയെന്നാണ് പശുവിന്റെ പേരില്‍ നടന്ന കൊലപാതകത്തില്‍ സുരേന്ദ്രന് പ്രതികരിച്ചത്.കെ സുരേന്ദ്രന്റെ പ്രതികരണം: ”ഹരിയാനയിലെ പശുവിന്റെ കാര്യം നിങ്ങള്‍ പറയുന്നു. കേരളത്തില്‍ നിങ്ങളുടെ പാര്‍ട്ടി എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ. കേരളത്തിലെ സര്‍ക്കാര്‍ കറുത്ത കുപ്പായം അണിഞ്ഞ് പോകുന്നവനെ പിടിച്ച് ആക്രമിക്കുകയാണ്. കേരളത്തില്‍ എന്തൊക്കെ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. ഹരിയാനയില്‍ ഒരു കാക്ക കറന്റടിച്ച് ചത്താല്‍ ബിജെപിക്കെതിരെ പറയുകയാണ്. സംഭവത്തില്‍ ബജ്രംഗദളിന് ബന്ധമില്ല. വ്യാജവാര്‍ത്തകളാണ്.”
കഴിഞ്ഞദിവസമാണ് രാജസ്ഥാനിലെ ഭരത്പൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ നാസിര്‍ (27), ജുനൈദ് (35) എന്നിവരെ ഹരിയാനയിലെ ഭീവാനിയില്‍ വാഹനത്തില്‍ ചുട്ടുകൊന്ന നിലയില്‍ കണ്ടെത്തിയത്. ബജ്രംഗദള് പ്രവര്‍ത്തകരായ പശുസംരക്ഷകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്ഐആര്‍. അനില്‍, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ് സിങ്കള, മോഹിത് യാദവ് എന്നിവരാണ് കേസില്‍ പ്രതികള്‍. പശുക്കടത്ത് സംബന്ധിച്ച് പൊലീസിന് വിവരം നല്‍കുന്നവരാണ് ഇവരെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

