പത്തനംതിട്ട: പത്തനംതിട്ട പന്തളം സർവീസ് സഹകരണ ബാങ്കിൽ പണയം വെച്ച സ്വർണം ജീവനക്കാരൻ കടത്തിയതായി ആരോപണം. ജീവനക്കാരനായ അർജുൻ പ്രമോദ് ആണ് 70 പവൻ വരുന്ന പണയ സ്വർണം മറ്റൊരു ബാങ്കിലേക്ക് മാറ്റിയത്. സ്വർണം പണയം വെച്ചവർ തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.സ്വർണം കാണാതായതിനെ തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് അർജുൻ സ്വർണം കടത്തുന്നത് കണ്ടത്. ബാങ്ക് അധികൃതർ ഇടപാടുകാരുമായി രഹസ്യമായി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവം പുറത്തറിയുകയായിരുന്നു. തട്ടിപ്പ് കണ്ടെത്തിയതോടെ അർജുൻ തന്നെ സ്വർണം തിരികെ ബാങ്കിൽ എത്തിച്ചു.
അതേസമയം ക്രമക്കേട് സംബന്ധിച്ച് ബാങ്ക് ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. സിപിഐഎം പ്രവർത്തകനായ അർജുന് പാർട്ടി നോമിനിയായാണ് ബാങ്കിൽ ജോലി ലഭിക്കുന്നത്. അർജുനെ പുറത്താക്കണമെന്ന ആവശ്യപ്പെട്ട് കോൺഗ്രസ് ബിജെപി പ്രവർത്തകർ ബാങ്കിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

