ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന് സുപ്രീം കോടതി. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത്തിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.തമിഴ് നാട്ടിലുള്ള അഹോബിലം മഠത്തിന്റെ ക്ഷേത്രം ആന്ധ്രയിലാണ്. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ഭരണം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ മഠം തമിഴ്നാട്ടിലും ക്ഷേത്രം ആന്ധ്രയിലുമായതിനാൽ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടമാകില്ലെന്ന് ഹൈക്കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീലീൽ നൽകിയത്.
ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന്, ജസ്റ്റിസ് കൗള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് നിരഞ്ജന് റെഡ്ഡിയോടു ചോദിച്ചു. ക്ഷേത്രത്തിന്റെ ഭരണം അതുമായി ബന്ധപ്പെട്ടവര്‍ നടത്തട്ടെയെന്ന് കോടതി പറഞ്ഞു. ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുത്തുകൂടേയെന്നും ബെഞ്ച് ആരാഞ്ഞു.