ശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിർത്തിവെച്ചു. മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണ് നിർത്തിവെച്ചത്. കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് തീരുമാനം. ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്ര തുടങ്ങിയതിന് പിന്നാലെ നർവാളിലെ ട്രാൻസ്‌പോർട്ട് നഗറിലെ ഏഴാം നമ്പർ യാർഡിൽ ഇരട്ട സ്ഫോടനമുണ്ടായിരുന്നു. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ സുരക്ഷ കൂട്ടിയിരുന്നു. ജനുവരി 30ന് യാത്ര ശ്രീനഗറിൽ അവസാനിക്കും. രണ്ട് ഡസനോളം ദേശീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മെഗാ റാലിയോടെയാണ് യാത്ര സമാപിക്കുക.
രാഷ്ട്രീയം പുനഃസൃഷ്ടിക്കാനും രാഹുൽ ഗാന്ധിയുടെ പൊതു പ്രതിച്ഛായ മാറ്റാനുമാണ് യാത്ര ലക്ഷ്യമിടുന്നത്. കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര നിലപാട് മൂർച്ച കൂട്ടാനുള്ള രാഹുൽ ഗാന്ധിയുടെ വലിയ ശ്രമമാണിതെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നായിരുന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അഞ്ച് മാസം വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ഈ മാസം 30ന് ശ്രീനഗറിൽ സമാപിക്കുന്നത്. 117 സ്ഥിരം അംഗങ്ങളാണ് രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ പങ്കെടുക്കുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര രാജ്യത്തെ പ്രതിപക്ഷ മുന്നേറ്റത്തെ തിരികെ കൊണ്ടുവരുന്ന ഒന്നായി മാറിയെന്ന് ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു.