കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ അവസാന ഘട്ടം കശ്മീരിൽ എത്തിയിരിക്കുകയാണ്. ഇതിനിടെ, ഫൈസൽ ചൗധരി എന്ന ചെറുപ്പക്കാരൻ സമൂഹമാധ്യമങ്ങളിലെ താരമായി മാറിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയെപ്പോലെ വെള്ള ടീ ഷർട്ട് ധരിച്ച് തിങ്കളാഴ്ച ജമ്മു കശ്മീരിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ഫൈസൽ ചൗധരി ഏവരെയും ഞെട്ടിച്ചു. യാത്രയിലുണ്ടായിരുന്ന ആളുകൾ അദ്ദേഹത്തോടൊപ്പം ചിത്രങ്ങളും വീഡിയോകളും എടുക്കാൻ തിരക്ക് കൂട്ടി.
രാഹുൽ ഗാന്ധിയെ കാണാൻ സാധിക്കാത്തവരും, രാഹുൽ ഗാന്ധിയുടെ കൂടെ ചിത്രമെടുക്കാൻ സാധിക്കാത്തവരുമെല്ലാം ഫൈസലിനൊപ്പം ചിത്രമെടുത്ത് മടങ്ങി. രാഹുൽ കഴിഞ്ഞാൽ ഭാരത് ജോഡോ യാത്രയിൽ ഏറ്റവും കൂടുതൽ ഫോട്ടോ എടുത്തിരിക്കുന്നത് ഫൈസലിന്റേതാണ്. ഇയാളുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.
“ആളുകൾ എന്റെ അടുത്ത് വന്ന് എന്നോടൊപ്പം ചിത്രങ്ങളും വീഡിയോകളും എടുക്കുന്നു. ഞാൻ അത് ഇഷ്ടപ്പെടുന്നു”, ജനുവരി 5 ന് ബാഗ്പത്തിൽ നിന്ന് യാത്രയിൽ ചേർന്ന ഫൈസൽ പറഞ്ഞു. ആളുകൾ രാഹുൽ ഗാന്ധിയെ സ്നേഹിക്കുന്നതിനാലാണ് അദ്ദേഹത്തോടൊപ്പം ചിത്രങ്ങൾ എടുക്കാൻ ഇഷ്ടപ്പെടുന്നതെന്ന് സോഷ്യൽ മീഡിയയിൽ താരമായി മാറിയ ഫൈസൽ കൂട്ടിച്ചേർത്തു. എപ്പോഴും ഞാനൊരു കോൺഗ്രസ് പ്രവർത്തകനായിരിക്കുമെന്നും ഫൈസൽ പറഞ്ഞു.
“രാഹുൽ ജിയുടെ ലുക്ക് പോലെയാകാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ എന്റെ മുഖം പാർട്ടിയുടെ മുൻനിര നേതാവിന്റെ മുഖത്തോട് സാമ്യമുണ്ട് എന്നു കേൾക്കുന്നത് സന്തോഷമുള്ള കാര്യമാണ്,” ഫൈസൽ കൂട്ടിച്ചേർത്തു. ഈ യാത്ര നൂറു ശതമാനം വിജയകരമായിരിക്കുമെന്നും രാജ്യത്ത് വിദ്വേഷത്തിന്റെ മതിലുകളെ തകർത്ത്, സ്നേഹത്തിന്റെയും, സൗഹാർദത്തിന്റെ അന്തരീക്ഷം ഉണ്ടാകണം എന്നും ഫൈസൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെപ്പോലെ തവിട്ട് താടിയുള്ള ഫൈസൽ മീററ്റ് ജില്ലയിലെ സംഗത് ഗ്രാമത്തിൽ നിന്നുള്ളയാളും ഉത്തർപ്രദേശിലെ സജീവ കോൺഗ്രസ് പ്രവർത്തകനുമാണ്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര നയിക്കുന്നത് രാഹുൽ ഗാന്ധി ആണ്. ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ വിഭജന രാഷ്ട്രീയത്തിന് എതിരെ രാജ്യത്തെ ഒന്നിപ്പിക്കാനാണ് ഈ യാത്ര എന്നാണ് കോൺഗ്രസ് പറയുന്നത്.
രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 2022 സെപ്റ്റംബർ 7-നാണ് യാത്ര തുടങ്ങിയത്. മറുവശത്ത് ബിജെപി ലോകസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ സംസ്ഥാനത്തും മുതിർന്ന നേതാക്കൾ ക്യാമ്പ് ചെയ്താണ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഇത്തവണ കൂടുതൽ സീറ്റുകൾ നേടാനുള്ള പ്രത്യേക തന്ത്രങ്ങളും ബിജെപി ആസൂത്രണം ചെയ്യുന്നുണ്ട്.