ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഓരോ വീട്ടിലെയും വീട്ടമ്മമാർക്ക് 2000 രൂപ വീതം നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബെംഗളൂരുവിൽ കോൺഗ്രസ് വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ഗൃഹ ലക്ഷ്മി യോജന എന്ന് പേരിട്ട ഈ പദ്ധതി സംസ്ഥാനത്തെ 1.5 കോടി വീട്ടമ്മാർക്ക് ഉപകാരപ്പെടുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് ‘നാ നായകി’ എന്ന പേരിലാണ് വനിതാ കൺവെൻഷൻ നടത്തിയത്. ഈ കൺവെൻഷനിലാണ് പ്രിയങ്ക ഗാന്ധി വീട്ടമ്മമാർക്ക് ഈ ഉറപ്പ് നൽകിയത്.
അധികാരത്തിലെത്തിയാൽ എല്ലാ മാസവും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് വാഗ്ദാനം നൽകിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ അടുത്ത തെരഞ്ഞെടുപ്പ് വാഗ്ദാനം. ഗ്യാസ് വില വർദ്ധനവിലും ജീവിത ചെലവിലും പൊറുതിമുട്ടിയ വീട്ടമാർക്ക് ആശ്വാസമാകും ഈ പദ്ധതിയെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു. വലിയ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സ്ത്രീകൾക്ക് വേണ്ടി മാത്രം പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘സംസ്ഥാനത്തെ അന്തരീക്ഷം വളരെ മോശമാണ്. തൊഴിൽ നൽകുന്നതിന് നിങ്ങളുടെ മന്ത്രിമാർ 40 ശതമാനമാണ് കമ്മീഷൻ വാങ്ങുന്നതെന്ന് നിങ്ങളോട് ഞാൻ പറയുകയാണ്’, പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ പൊതുപണമായ 1.5 ലക്ഷം കോടി രൂപ തട്ടിയെടുക്കപ്പെട്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.