പാലക്കാട് കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. തൃശൂർ പീച്ചി സ്വദേശി സി എൽ ഔസേപ്പിനെയാണ് അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കിയത്.
ഓസേപ്പ് സർവീസിൽ തുടർന്നാൽ കൂടുതൽ മനുഷ്യർക്ക് ജീവൻ നഷ്ടമാകുമെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
2022 ഫെബ്രുരി 7 നാണ് കെഎസ്ആർടിസി ബസ് ഇടിച്ചതിനെ തുടർന്ന് ലോറിക്കടിയിലേക്ക് തെറിച്ച് വീണ് പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ് മോഹൻ, കാസർഗോഡ് സ്വദേശി സബിത് എന്നിവർ ദാരുണമായി കൊല്ലപ്പെട്ടത്.
കെഎസ്ആർടിസി ഡ്രൈവർ പീച്ചി സ്വദേശി സി എൽ ഔസേപ്പിന്റെ ഗുരുതര വീഴ്ചയാണ് അപകട കാരണം എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർവീസിൽ നിന്നും പിരിച്ചു വിട്ടത്. ഇയാൾക്കെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. ഔസേപ്പ് നൽകിയ വിശദീകരണത്തിൽ താൻ നിരപരാധിയാണെന്നും ലോറിക്കടിയിൽപ്പെട്ടതാണ് മരണകാരണമായതെന്നും പറഞ്ഞിരുന്നു. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഔസേപ്പ് വേഗത കുറയ്ക്കാൻ ശ്രമിക്കുകയും സൂക്ഷ്മത പുലർത്തുകയും ചെയ്തിരുന്നുവെങ്കിൽ രണ്ടു ജീവനുകൾ രക്ഷപ്പെടുത്താൻ കഴിയുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മനുഷ്യജീവന് ഒരു വിലയും കല്പിക്കാതെ ലാഘവത്തോടെയാണ് ഇയാൾ വാഹനമോടിച്ചതെന്നും ഇനിയും സർവീസിൽ തുടർന്നാൽ മനുഷ്യർക്ക് ജീവഹാനി ഉണ്ടാകും എന്ന് ചൂണ്ടിക്കാട്ടിയാണ് സർവീസിൽ നിന്നും പിരിച്ചു വിട്ടത്. ഔസേപ്പ് തുടരുന്നത് കെഎസ്ആർടിസിക്ക് അതി ഭീമമായ സാമ്പത്തിക നഷ്ടവും സൽപ്പേരിന് കളങ്കം ഉണ്ടാക്കുമെന്നും റിപ്പോർട് വ്യക്തമാക്കുന്നു.
ഔസേപ്പിനെ പിരിച്ചു വിട്ട നടപടിയിൽ തൃപ്തരാണെന്ന് മരിച്ച യുവാക്കളുടെ കുടുംബം വ്യക്തമാക്കി. എന്നാൽ മറ്റു നിയമ നടപടികൾ വേഗത്തിലാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.