കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം വേദിയായ അതിരാണിപ്പാടത്ത് ഒപ്പനയുമായി മൊഞ്ചത്തിമാർ എത്തി . മലബാറിന്റെ തനിമയും ഭംഗിയും വേദികളിൽ നിറയ്ക്കുന്ന ഒപ്പനയെ ഏറെ ആവേശത്തോടെയാണ് ഓരോ മലയാളിയും നോക്കിക്കാണുന്നത്. പ്രതേകിച്ചും കോഴിക്കോടിന്റെ മുറ്റത്ത് മൊഞ്ചത്തിമാർ ഒപ്പനയുമായി എത്തുമ്പോൾ സദസ്സ് തീർച്ചയായും ജനപങ്കാളിത്തം കൊണ്ട് നിറയും. അത്തരമൊരു കാഴ്ചയാണ് അതിരാണിപ്പാടം വേദിയുടെ മുന്നിൽ കാണുന്നത്. ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ ഒപ്പനയാണ് അരങ്ങിൽ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നത്.
പാട്ടിന്റെ താളത്തിനൊത്തു പ്രയാഭേധമന്യേ തലകുലുക്കിയും മൂളിയും കൈകൊട്ടിയും ചിരിച്ചും ആളുകൾ ഒപ്പന ഹൃദയമറിഞ്ഞു ആസ്വദിക്കുകയാണ്. വ്യത്യസ്ത സ്കൂളുകളിൽ നിന്നായി എത്തിയ സംഘങ്ങൾ വളരെ വൈവിധ്യങ്ങളാർന്ന പാട്ടും ചേലയുമണിഞ്ഞ് വേദയിൽ മുഹബ്ബത് നിറയ്ക്കുകയാണ്.
ഒപ്പന കേരളത്തിലെ വിശേഷിച്ചും മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. കോഴിക്കോട്, കണ്ണൂർ ,മലപ്പുറം തുടങ്ങി ഉത്തരകേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്.
അബ്ബന എന്ന അറബി വാക്കിൽ നിന്നാണ് ഒപ്പന എന്ന പേരുണ്ടായത് ഒപ്പനയ്ക്ക് അരങ്ങൊരുങ്ങുന്നത്. പത്തോ പതിനഞ്ചോ പേരുൾപ്പെടുന്ന സംഘമാണ് ഇതവതരിപ്പിക്കുന്നത്. വിവിധ താളത്തിൽ പരസ്പരം കൈകൾക്കൊട്ടിയാണ് ലളിതമായ ഈ നൃത്തരൂപം അരങ്ങേറുന്നത്. ഹാർമോണിയം, തബല, ഗഞ്ചിറ, ഇലത്താളം എന്നിവമ്പയോടെ പിന്നണി പാടാനും ഏതാനും പേർ അണിനിരക്കും. അറബി നാടോടി ഗാനങ്ങളുടെ താളം മലബാറിൽ ഉടലെടുത്ത മാപ്പിളപ്പാട്ടുകളാണ് സാധാരണ ഗതിയിൽ ഒപ്പനയ്ക്കിടയിൽ ആലപിക്കുന്നത്.